19/08/2026
മിനിക്കഥ – പാസ്സ്‌വേര്‍ഡ്
======================
🔴 സതി
പെന്‍ഷന്‍തുക കൂടിയിട്ടുണ്ടോ എന്നു നോക്കാനായി അക്കൌണ്ടില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് പാസ്സ്‌വേര്‍ഡ് തെറ്റിയത്. ഡയറിയില്‍ നോക്കി ഉറപ്പുവരുത്തി വീണ്ടും ടൈപ്പ് ചെയ്തപ്പോഴും തഥൈവ.
പാസ്സ്‌വേര്‍ഡ് മറന്നു, രക്ഷിക്കണം എന്നപേക്ഷിച്ചപ്പോള്‍ യന്തിരന്‍ മെയില്‍ ഐഡി ചോദിച്ചു. ടൈപ്പ് ചെയ്ത മെയില്‍ ഐഡി യന്തിരന്‍ നിഷ്കരുണം തള്ളി. ബാങ്ക് രേഖകളില്‍ പഴയ മെയില്‍ ഐഡിയായിരുന്നു എന്നോര്‍മ്മിച്ചപ്പോള്‍ അതു കൊടുത്തുനോക്കി. അതിലേക്കവനയച്ച മാന്ത്രികസംഖ്യ ഹാജരാക്കാന്‍ ഉത്തരവായി. അതിനു മെയില്‍ തുറക്കണ്ടേ. അവന്‍റെ വിലാസവും രൂപവും അപ്പാടെ മാറിയിരിക്കുന്നു. എത്ര തപ്പിയിട്ടും പാസ്സ്‌വേര്‍ഡ് കിട്ടുന്നുമില്ല.
എല്ലാം നശിച്ചാലും പാസ്സ്‌വേര്‍ഡുകള്‍ സുരക്ഷിതമായിരിക്കാനായി പറമ്പിലെ ഞാവല്‍ത്തടിയില്‍ കൊത്തിവച്ച അക്ഷരങ്ങളും അക്കങ്ങളും വായിച്ചെടുത്തു, മെയില്‍ തുറന്നു, മാന്ത്രികസംഖ്യ കൈക്കലാക്കി, ബാങ്കിന്‍റെ ക്ലൌഡനു കൊടുത്തു. അപ്പോളവന്‍ ഒറ്റച്ചോദ്യം, നീ ആദ്യം പഠിച്ച സ്കൂളിന്‍റെ പേരെന്ത്? ക്യാപ്പിറ്റല്‍ പണിഷ്മെന്റാണോ തിരിഞ്ഞുകുത്താണോ സ്പെല്ലിംഗ്കളിയാണോ എന്നൊന്നുമറിയില്ല, ക്ലൌഡന്‍ വാതിലടച്ചു.
തന്‍റെ കാലം കഴിഞ്ഞെന്ന വിഷണ്ണഭാവത്തില്‍ മാനം നോക്കിയിരിക്കുമ്പോള്‍ പേരക്കുട്ടി പരീക്ഷ കഴിഞ്ഞു കരഞ്ഞും പിഴിഞ്ഞും വരുന്നു. ചോദ്യങ്ങള്‍ കണ്ടപ്പോള്‍ പേടിച്ചു പോയത്രെ. പഠിച്ചതൊന്നും ഓര്‍മ്മ വന്നില്ലത്രെ. അക്കങ്ങളും സമവാക്യങ്ങളും തുള്ളിക്കളിച്ചുപോലും.
സമാധാനമായി, പ്രായത്തിന്‍റെയല്ല പ്രശ്നം!