09/05/2024
നെട്ടൂർ ഗോപാലകൃഷ്ണൻ രചിച്ചു് അടയാളം പ്രസിദ്ധീകരിച്ച 'രമണ മഹർഷി പറഞ്ഞത്' എന്ന പുസ്തകത്തെകുറിച്ച് Anwar Hussain എഴുതിയ കുറിപ്പിൽനിന്ന്.
"ഞാനാരാണ് എന്നന്വേഷിക്കൂ" എന്ന് നിരന്തരമായി പറഞ്ഞു കൊണ്ടിരുന്ന രമണ മഹർഷി പറഞ്ഞ കാര്യങ്ങൾ നെട്ടൂർ ഗോപലകൃഷ്ണൻ രമണ മഹർഷി പറഞ്ഞത് എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. അടയാളം ബുക്ക്സ് ആണ് പ്രസാധകർ. വെറുതെ ഓടിച്ചു വായിച്ചു പോകേണ്ട ഒരു പുസ്തകമല്ല ഇത്. രമണ മഹർഷി ഗഹനമായ തത്വചിന്തകൾ പറഞ്ഞിരുന്നു. അതിനെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന ഭാഷയിൽ ശ്രീ ഗോപലകൃഷ്ണൻ നമ്മിലേക്ക് പകരുന്നു. വചനാമൃതം എന്ന പേരിൽ ഡി സി ബുക്ക്സ് രമണ മഹർഷി പറഞ്ഞതൊക്കെ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മവിദ്യയും ആത്മ സാക്ഷാത്കാരവും തുടങ്ങി രമണ മഹർഷിയുടേതായി പത്തിലധികം കൃതികൾ മലയാളത്തിൽ ലഭ്യമാണ്. ഈ ഗ്രന്ഥങ്ങളെല്ലാം ഉണ്ടായിരിക്കെ ഈ പുസ്തകത്തിന് എന്താണ് പ്രസക്തി?
മഹർഷിയുടെ മൊഴികളെ മറ്റ് ഗുരുക്കന്മാരുടെ മൊഴികളോട് ചേർത്തുവച്ച് അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിലെ കുറിപ്പുകളുടെ പ്രത്യേകത. ഉദാഹരണത്തിന് തീവണ്ടിയിൽ യാത്ര ചെയ്യുന്നവർ അവരുടെ സാധനങ്ങൾ തീവണ്ടി വഹിച്ചു കൊള്ളും എന്നറിഞ്ഞ് എങ്ങനെയാണോ അവ തങ്ങളുടെ തലയിൽ ചുമക്കാതെ യാത്ര ചെയ്യുന്നത്, അതുപോലെ തന്നെ പരമമായ ഒരു ശക്തി എല്ലാത്തിനെയും വേണ്ട പോലെ നിലനിർത്തുമെന്ന് അറിഞ്ഞു അവരവരുടെ ചുമതലകളുടെ ഭാരം ചുമക്കാതെ ആ ശക്തിയിൽ ഇറക്കിവെച്ച് സ്വതന്ത്രരാവണം. ഇത് പറഞ്ഞിട്ട് ശ്രീ ഗോപാലകൃഷ്ണൻ ശ്രീരാമകൃഷ്ണ പരമഹംസനിലേക്ക് പോകുന്നു. അദ്ദേഹം പറയും, ദൈവത്തിൻറെ കാറ്റിൻറെ ദിശ അനുഭവിച്ചറിഞ്ഞാൽ നിങ്ങളുടെ വള്ളം നിങ്ങൾ തുഴയേണ്ട കാര്യമില്ല, ദൈവത്തിൻറെ കാറ്റ് നിങ്ങളുടെ വള്ളത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത് വായിച്ചപ്പോൾ ഞാൻ ഓർത്തത് പരിശുദ്ധ ഖുർആനിലെ ഒരു വാക്യമാണ് നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുക. അതിൻറെ അർത്ഥം ദൈവം ചെയ്തോട്ടെ നാം ഒന്നും ചെയ്യേണ്ടതില്ല എന്നതല്ല. ചെയ്യേണ്ടത് നാം ചെയ്യണം. പക്ഷേ കർമ്മഫലം തരും ഈശ്വരനല്ലോ എന്ന സങ്കല്പമാണ്. അത് നമുക്ക് സമാധാനം നൽകും. കടുത്ത നിരാശയിൽ നിന്നും നമ്മളെ സംരക്ഷിക്കും.
രമണ മഹർഷി പറയുന്ന പലതും ഗഹനം എന്ന് തോന്നിക്കാതെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണ്. മഹർഷി ഉന്നതങ്ങളിൽ നിന്നല്ല നമ്മോട് സംവദിക്കുന്നത്, നമ്മുടെ തൊട്ടടുത്ത്, നമ്മളെ ചേർത്തു പിടിച്ചാണ്.
തൻറെ ശിഷ്യന്മാർ അമിതമായ ഭക്തിയുടെ ആവേശത്തിൽ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ അദ്ദേഹം വിലക്കുന്നു. മഹർഷിയുടെ കാല് കഴുകിയ ജലം തീർത്ഥമായി ഉപയോഗിക്കുക തുടങ്ങിയവ അദ്ദേഹം നിരുത്സാഹപ്പെടുത്തി. സാധാരണ കാണപ്പെടുന്ന ആൾദൈവങ്ങളും ആത്മീയ ആചാര്യന്മാരും തമ്മിലുള്ള വ്യത്യാസം ഇതാണ്. പക്ഷേ ഭക്തർ ഇവരെയും ദൈവമാക്കുന്നു എന്നുള്ളതാണ് ഏറെ രസകരം. ഇവർ അവരോട് ദൈവത്തെക്കുറിച്ച് അങ്ങനെ പറഞ്ഞിരിക്കെ എങ്ങനെയാണ് അതേ ഗുരുവിനെ അവർ ദൈവമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ഞാൻ ആരാണ് എന്ന് നിരന്തരം അന്വേഷിച്ചു ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങി കൊണ്ട് ഹൃദയത്തിലെത്തി ബ്രഹ്മത്തെ അറിയാനാണ് മഹർഷി പറഞ്ഞത്. ഒരു സൂഫി ഗുരു പറഞ്ഞു ആർക്കുതന്നെ എന്നെ അറിഞ്ഞുകൂടാ. പക്ഷേ എനിക്ക് എന്നെ നന്നായി അറിയാം. ഈ വാക്കുകളിലാണ് കഴമ്പുള്ളത്. നമുക്ക് നമ്മെ നന്നായി അറിയാൻ കഴിയണം. നമ്മെ അന്വേഷിച്ചു നമ്മൾ മറ്റുള്ളവരിലേക്ക് ഓടരുത്. അവർ നമ്മെ മനസ്സിലാക്കണമെന്നില്ല.
എല്ലാവരും പറയുന്ന ഒരു പല്ലവിയുണ്ട് - സമയമില്ല സമയമില്ല എന്ന്. മഹർഷി പറയുന്നു "സമയത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മനസ്സിലുള്ളതാണ്" സമയത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. സമയം നമ്മൾ കണ്ടെത്തുന്നതല്ലേ?
നാരായണഗുരു പറയുന്നത് വളരെ ശ്രദ്ധേയമാണ്. ദൈവത്തിനും നമുക്കും ഇടയിൽ വലിയ മറയുണ്ടാക്കാൻ പൗരോഹിത്യം ശ്രമിക്കുമ്പോൾ, ഗുരു പറയുന്നത് നമുക്കിവിടം യാതൊരു മറയും കാണാൻ സാധിക്കുന്നില്ല എന്നാണ്. നാമും ദൈവവും ഒന്നായിരിക്കുന്നു. അത്രമേൽ നമ്മോട് ചേർന്നിരിക്കുന്ന ദൈവത്തെ തേടാൻ വിഡ്ഢികളായ നാം മധ്യവർത്തികളെ ആശ്രയിക്കുകയാണ്.
രമണ മഹർഷിയെ പോലെയുള്ള ആത്മീയ ആചാര്യന്മാർ വിഭൂതികൾ കാട്ടിയിട്ടില്ല. അവർക്ക് അത്ഭുത സിദ്ധിയും ഇല്ല. അവർ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരാവുന്നത് ലളിതമായ, അത്യാഗ്രഹങ്ങൾ ഇല്ലാത്ത, ആർഭാടങ്ങളില്ലാത്ത ജീവിതം കാഴ്ചവച്ചു കൊണ്ടാണ്. അവരുടെ ചിന്തകളിൽ മനുഷ്യരെ ചേർത്തു പിടിച്ചു കൊണ്ടാണ്. തൃഷ്ണയെ ശമിപ്പിക്കാൻ ബുദ്ധൻ പറഞ്ഞത് അത് സർവ്വദുഃഖങ്ങളെയും ശമിപ്പിക്കും എന്നതു കൊണ്ടാണ്. പക്ഷേ ലൗകികമായ ആഗ്രഹങ്ങളെ സാധാരണ മനുഷ്യർക്ക് ഒഴിവാക്കാൻ ആവില്ല.
ഒരു പുസ്തകം അതിൽ സന്നിവേശിപ്പിക്കുന്ന ആശയങ്ങൾക്ക് അപ്പുറത്തേക്ക് നമ്മുടെ ചിന്തയെ കടത്തിവിടുമ്പോൾ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. ഇവിടെ രമണ മഹർഷിയുടെ മൊഴികൾക്കും അപ്പുറം, പരമഹംസരെ പോലെ, ബുദ്ധനെ പോലെ, സൂഫികളെ പോലെ നിരവധി ആചാര്യന്മാരെ ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ ചിന്തകളും ആകാശത്തോളം ഉയരുന്നു.
രമണമഹർഷി പറഞ്ഞത്
നെട്ടൂർ ഗോപാലകൃഷ്ണൻ
അടയാളം ബുക്സ്
വില: 200 രൂപ (2023)
https://www.adayalam.co.in/book-details/ramanamaharshi-paranjath.html