05/02/2018
നല്ല പ്രണയ നോവലുകൾ എഴുതുക എളുപ്പമല്ല... പക്ഷെ, അത് വായിക്കുക ഏറ്റവും രസപ്രദമാണ് താനും. ഇന്ന് മലയാളത്തിൽ പ്രണയ നോവലുകൾ എഴുതുന്നവരുടെ വലിയൊരു ക്ഷാമമുണ്ട്. ഹൃദയം കൊണ്ടല്ല ബുദ്ധി കൊണ്ടാണ് ഇന്നത്തെ തലമുറ പ്രണയിക്കുന്നതെന്നു തോന്നാറുണ്ട്. എന്തിനാ ഇന്നത്തെ തലമുറയെ പറയുന്നേ, ഈ ഞാനും അങ്ങനെ തന്നെ ആയിരുന്നു. എന്തായാലും, വായിക്കുന്നതിന് സുഖം ഹൃദയം കൊണ്ട് പ്രണയിക്കുന്ന കഥകളാണ്. മധുവിധു കാലത്ത് ഹൃദയത്തിലെ പ്രണയത്തെ തേടിപ്പോകുന്ന അനുരാധ എന്ന നവ വധുവിന്റെ കഥയാണ് മായാ ബാനർജി എഴുതിയ ഗോമന്തകത്തെ മധുവിധു. ഒരു പൈങ്കിളിക്കഥ എല്ലാ പൈങ്കിളികൾക്കുമായി എഴുതപ്പെട്ടത് എന്ന കവർ കുറിപ്പോടെ ഇറങ്ങിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം അതിനെ ശരി വെക്കുകയും ചെയ്യുന്നുണ്ട്. (പിന്നെ, മായാ ബാനർജി എന്ന പേര് കേട്ട് ഇത് ഇത് ഒരു വിവർത്തന പുസ്തകമാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഈ മായ ബാനർജി നമ്മടെ സ്വന്തം ത്രിശൂർക്കാരിയാ, ഇമ്പടെ കുഞ്ഞുണ്ണി മാഷ്ടെ നാട്ടുകാരി. ഇപ്പൊ പക്ഷെ കക്ഷി ക്യാനഡയിലാണ് താമസം.)
"മധുവിധു, അതൊരു സ്വർഗ്ഗം കണ്ടു മടങ്ങലാണ്. ഒരായുഷ്കാലത്തേക്കുള്ള സ്വർഗക്കാഴ്ച! പിന്നെ പറുദീസ ഓർമകളിൽ പുതിയൊരു മടക്കം! മടങ്ങാനാർക്കുമിഷ്ടമില്ല. പക്ഷെ, മടങ്ങാതെ വയ്യല്ലോ. ഇനി ശരീരത്തിൽ, മനസ്സിൽ, ആത്മാവിൽ, കാട്ടുതേനൂറും. പാലപ്പൂക്കൾ വിടരും. നിലാവ് പതഞ്ഞൊഴുകും." ഇങ്ങനെ മോഹങ്ങളുടെ ഒരു മധുവിധുവിനായി ഗോവയ്ക്ക് പുറപ്പെടുകയാണ് ഡിഗ്രിക്ക് പടിക്കവേ വിവാഹം കഴിച്ച അനുരാധയും കാലിഫോര്ണിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ വസന്തും. വസന്തിന്റെ 'അമ്മ വസന്തത്തിന് ചുറ്റും സ്നേഹത്തിന്റെ ഒരു വേലിക്കെട്ട് തീർത്തിരിക്കുന്നു. അതിനു ചുറ്റും അച്ഛൻ സംരക്ഷണത്തിന്റെ മതിലു കെട്ടിയിരിക്കുന്നു. അതിനു ചുറ്റും വേണം ഇനി അനുരാധയ്ക്ക് പ്രണയത്തിന്റെ ഒരു കിടങ്ങ് കുഴിക്കാൻ. താണ്ടാനുള്ള ദൂരങ്ങളോർത്താൽ തീവണ്ടിക്ക് ഒന്നു നിൽക്കാനും വിയർപ്പാറ്റാനും വയ്യ. പ്രണയമഴയുടെ ആദ്യ മധുവിധുരാത്രിക്ക് ശേഷം ചേർച്ചയില്ലായ്മയുടെ യാഥാർഥ്യത്തെ ഉൾക്കൊള്ളാനാവാതെ പാതി അപ്പോളോയും പാതി ഹെർക്കുലീസുമായ ഒരാളെപ്പറ്റിയുള്ള സങ്കല്പത്തിന്റെ മായക്കാഴ്ചകളിലേക്ക് അനുരാധയും മുന്നിൽ കണ്ട മോഹത്തിലെ വെളുത്തു പെണ്ണഴകിലേക്ക് വസന്തും കൂപ്പു കുത്തുന്നു. ഇരുവരും തങ്ങളുടേതായ സ്വർഗങ്ങളിൽ ആ മധുവിധു കൊണ്ടാടുന്നു. അവരുടെ മധുവിധു അവസാനിക്കുമ്പോൾ നോവലും അവസാനിക്കുകയാണ്. അതെങ്ങനെയാണ് നോവലിസ്റ്റ് അവസാനിപ്പിക്കുക എന്നത് നിങ്ങൾ വായിച്ചറിയുക.
മായാ ബാനർജി ഈ നോവൽനല്ല ഒരു വായനാനുഭവമാണ് നൽകുന്നത്. ആദ്യ നോവലെന്ന നിലയിൽ നമ്മുടെ പ്രതീക്ഷകളെ ഏറെ ദൂരം പിന്തള്ളി നല്ല നോവൽ വായനയുടെ സുഖം പകരുന്നുണ്ട് ഗോമന്തകത്തെ മധുവിധു. പ്രണയം വാക്കുകളിലൂടെ വരച്ചിടുക അത്ര എളുപ്പമുള്ള പണിയല്ല. പക്ഷെ, അത് ഏറെ ലാഘവത്തോടെയാണ് മായ തന്റെ നോവലിൽ നിർവഹിച്ചിരിക്കുന്നത്. രാധ കൃഷ്ണ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓർമ്മകൾ മാത്രല്ല, ഗ്രീക്ക് പുരാണ കഥാപാത്രങ്ങളെയും ഇന്നിലേക്ക് കൊണ്ട് വന്ന് സങ്കല്പികതയുടെയും യാഥാർഥ്യത്തിന്റെയും ഒരു വിഭ്രാത്മക ലോകം സൃഷ്ടിക്കുന്നതിലും അതിൽ കാലത്തെ അതി ജീവിക്കുന്ന ഒരു പ്രണയത്തെ പ്രതിഷ്ഠിക്കുന്നതിനും എഴുത്തുകാരി വിജയിക്കുന്നു. കൂടാതെ ഗോവയുടെ ചരിത്രത്തെയും അവിടെയുറങ്ങുന്ന പ്രണയത്തിന്റെ ഓർമ്മകളെയും നോവലിൽ അതി വിദഗ്ദമായി സമ്മേളിപ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. അവസാനത്തെ കുറച്ചു പേജുകളിൽ നോവലിന്റെ അവസാനത്തെ സംബന്ധിച്ച അനിശ്ചിതത്വം നോവലിസ്റ്റിന്റെ പിറകോട്ടു വലിക്കുന്നത് വരെ ഒരൊന്നാന്തരം നോവലിന്റെ അനുഭൂതി നമുക്ക് ലഭിക്കുന്നുണ്ട്. തുടർന്ന് കുറച്ചു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും വ്യത്യസ്തവും ആനന്ദകരവുമായ ഒരു വായനാനുഭവം നൽകുന്നതിൽ നോവലിസ്റ്റ് വിജയിക്കുകയും നോവൽ തലയുയർത്തി നിൽക്കുകയും ചെയ്യുന്നുണ്ട്.
നല്ല ഒഴുക്കുള്ള, വായനാസുഖം നൽകുന്ന ഭാഷയാണ് നോവലിസ്റ്റിന്റെ പ്രധാന ആയുധം. വാക്കുകളെ തേൻപോലെ വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട് ഈ എഴുത്തുകാരി. അപൂർവ്വം പേർക്ക് മാത്രം സ്വന്തമായ ഈ സിദ്ധി കൈവശമുള്ള ഈ നോവലിസ്റ്റിൽ നിന്ന് മലയാളം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. കവിത തുളുമ്പുന്ന ഭാഷ മിക്കപ്പോഴും വാക് ചിത്രങ്ങളായി വായനക്കാരുടെ മനസ്സിന് ലഭിക്കുന്നു. "ഒരാൾക്കുള്ള ഇടത്തിൽ രണ്ടുപേർ, അതും സ്നേഹത്തിലായ രണ്ടു പേർ ഇരിക്കുന്നതിന്റെ രസം അനുരാധ അറിഞ്ഞു." "സമയം മൂന്ന് മണി. മുറിയിലേക്ക് വന്ന വസന്ത് ചുണ്ടിൽനിന്നും നെന്മണി വലുപ്പത്തിലുള്ളൊരു ചിരി ഔദാര്യപൂർവ്വം അനുരാധക്ക് നൽകി." "പൂജ കൂടെക്കൂടെ വന്നു ശല്യം ചെയ്തില്ല. രണ്ട് മൗനങ്ങൾ ഉറഞ്ഞു കൂടി വൻ പാറകളാകുന്നത് അവൾ അറിഞ്ഞുകാണും." "അനുരാധ ഒരു തീവണ്ടിപ്പാളം പോലെ വളഞ്ഞും പുളഞ്ഞും ചരിച്ചു. അവളിലൂടെ വസന്ത് കിതച്ചും കുതിച്ചും പാഞ്ഞു." "അനുരാധ വീണ്ടും വീണ്ടും വസന്ത് കൈയിലെടുത്ത അച്ചിലേക്ക് വാർന്നൊഴുകി അയാളുടെ സങ്കല്പ ഭാര്യയായി പുറത്തു വന്നു കൊണ്ടിരുന്നു. "ഈശ്വരാ, ഒരു വസന്തം പോലെ വിരുന്നുവന്നവൻ ഒരു വേനലായി നിന്നു കത്തുകയോ?" ഇങ്ങനെ, അളന്നു തൂക്കിയതാണ് ഇതിലെ ഭൂരിഭാഗം വാചകങ്ങളും.
വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ എന്നത് കൊണ്ട് അവയെ മിഴിവുറ്റതാക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. അനുരാധ, വസന്ത്, പൂജ എന്നീ കഥാപാത്രങ്ങളെ നല്ല തെളിവോടെ അവതരിപ്പിച്ചിട്ടുണ്ട് നോവലിസ്റ്റ്. വാസന്തിനെപ്പറ്റി വീട്ടുകാർ പറഞ്ഞത് വെച്ച് ഒരു സത്യനന്തിക്കാട് സിനിമയിലെ നായകനെന്ന് അനുരാധക്ക് തോന്നി എന്ന് പറയുമ്പോൾ ഒരു മോഹൻലാലോ ജയറാമോ ഒക്കെ വായനക്കാരുടെ മനസ്സിൽ മിന്നി മറയും. പിന്നീട് വസന്ത് ഷാജി കൈലാസ് ചിത്രത്തിലെ കത്തി വേഷമെടുത്തണിയുന്നതായി പറയുമ്പോൾ അതും നമുക്ക് പെട്ടെന്ന് മനസ്സിലാവും. പക്ഷെ, ഇത്തരം ലളിതമായ വഴിയിലല്ലാതെയും കഥാ പത്രങ്ങളുടെ സ്വഭാവത്തെ നന്നായി അനുഭവിപ്പിക്കുന്നുണ്ട് മായാ ബാനർജി. എട്ടാം വയസ്സിൽ ആദ്യമായി റോഡിലേക്ക് സൈക്കിളിളോടിച്ചിറങ്ങിയപ്പോൾ കേട്ട, 'സൂക്ഷിച്ചു പോണേ മോനേ' എന്ന മുന്നറിയിപ്പ് ലോകം മുഴുവൻ ചിറകു വിരിച്ചു പറക്കുന്ന സോഫ്റ്റ്‌വെയർ ഡവലപറായ ശേഷവും കേൾക്കുന്ന വസന്ത്, "കിടന്നിട്ടുണ്ട് ഒന്നു രണ്ടു പേരുടെ കൂടെ, ഗതികേടുകൊണ്ടൊന്നുമല്ല, അയാളൊരു ആണ്, ഞാനൊരു പെണ്ണ്. രണ്ടു പേർക്കും വേണമെന്ന് തോന്നിയാൽ..." എന്ന് ചിന്തിക്കുന്ന പൂജ, "കത്രീനക്കറിയാം കളങ്ങൾ മാറി മാറി ചവുട്ടി പാമ്പിന്റെ വായിൽപ്പെടാതെ കോണി കയറി പോകാൻ. ഏണിച്ചുവട്ടിലെത്തിയിട്ടും പാമ്പിന്റെ വായിലേക്കു തിരിഞ്ഞോടുന്നത് അനുരാധ മാത്രം." ഇങ്ങനെ കഥാ പത്ര നിര്മിതിയിലും അവരുടെ സ്വഭാവം വായനക്കാരിലേക്ക് പകരുന്നതിലും എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ, കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിന്റെ സ്വാധീനങ്ങളിലേക്ക് എഴുത്തുകാരി പോകുന്നില്ല എന്നത് ഭൂരിഭാഗം ഭാഗത്തും വർത്തമാനത്തിൽ മാത്രം ചരിക്കുന്ന നോവലിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് ഒരു എഴുത്തുകാരന്/എഴുത്തുകാരിക്ക് ഉണ്ടാവേണ്ട ഒരു അവശ്യ ഗുണമാണ്. അത് വ്യക്തമായും ലളിതമായും വായനക്കാരിലേക്കെത്തിക്കുക എന്നത് അതിലും ശ്രമകരം. ഈ പരീക്ഷ അനായാസേന വിജയിക്കുന്നുണ്ട് മായാ ബാനർജി. "എല്ലാ ദൈവങ്ങളും ഒന്ന് തന്നെ. എല്ലാ മതങ്ങളും ഒന്നു തന്നെ. ഒരിടത്തു നിന്നും ഉത്ഭവിച്ച് പലേടത്തേക്കായി ചിതറിത്തെറിച്ചവർ. എന്നീട്ടും സ്വയം പൂർണ്ണരെന്ന തിരമാല മതി എല്ലാ മണൽത്തിട്ടകളും ഒലിച്ചു പോകാൻ.""മരണാന്തരം എന്താണെന്ന് ആർക്കും അറിയില്ല. പക്ഷെ, മരണം വരെ മധുരമുള്ള ഓർമ്മകൾ കൂട്ടിനുണ്ടാകും. ആ ഓർമ്മകളെ കൊല്ലുന്നത് ഭ്രൂണത്തെ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ്." "കണ്ണുകളെ അടക്കുന്നത് പോലെ കാതുകളെയും അടച്ചു വെയ്ക്കാൻ കഴിയാത്തത് മനുഷ്യശരീരത്തിന്റെ ഏറ്റവും വലിയ പോരായ്മയായി അവൾക്ക് തോന്നി." "എല്ലാ നാട്ടിലും കാണും ഇങ്ങനെ പ്രണയവും മരണവും മണക്കുന്ന ഒരിടം. അല്ലെങ്കിൽ പ്രണയവും മരണവും ഒന്ന് തന്നെ." "തീവണ്ടിയിൽ കയറിയാൽ പിന്നെ ആളുകൾക്കൊക്കെ തിരക്കാണ്. ഉറങ്ങാനും പിന്നെ ഉണരാനും. സമയത്തെ ഉന്തിത്തള്ളിയുള്ള ആ നടത്തത്തിൽ വിരക്തി പൊടിഞ്ഞിട്ടാകണം ആകപ്പാടെ ചെയ്യാനുള്ളത് ചെയ്യാൻ അനാവശ്യമായ തിടുക്കം." ഇങ്ങനെ ജീവിത നിരീക്ഷണങ്ങളെ ചിന്തകളായി വായനക്കാരിലേക്ക് എത്തിക്കുന്നതിൽ നോവലിസ്റ്റ് വിജയിക്കുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്
ഈ നോവൽ ഇത് വരെയും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു വില്പനക്ക് ശ്രമിച്ചില്ല എന്നത് എനിക്ക് അവിശ്വസനീയമായി തോന്നുന്നു. നല്ല വിവർത്തനവും നല്ല ഏജന്റിനെയും ലഭിച്ചാൽ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തും ഈ നോവലിന് നല്ല സാധ്യതയുണ്ട്. ഇത് പോലെയുള്ള നല്ല നോവലുകൾക്ക് മായാ ബാനർജി എന്റെ ഒരു ഫേസ്ബുക് ഫ്രണ്ട് ആയിരുന്നിട്ടു പോലും എന്റെ കൺവെട്ടത്തെത്താത്ത വിധം ഒളിച്ചിരിക്കാൻ സാധിക്കും എന്ന സാധ്യത മലയാള സാഹിത്യത്തിന്റെ പുരോഗതിയെപ്പറ്റി ആശങ്കയുണ്ടാക്കുന്നതാണ്.
ചുരുക്കത്തിൽ, എളുപ്പം വായിച്ചു പോകാവുന്നതും ആസ്വദിക്കാവുന്നതുമാണ് കവിത തുളുമ്പുന്ന പ്രണയത്തിന്റെ ഈ കഥാ കഥനം. നല്ലൊരു നോവലിസ്റ്റിന്റെ വരവറിയിക്കൽ കൂടിയാണ് ഗോമന്തകത്തെ മധുവിധു. Maya Indira Banerji