22/10/2017
മിഠായിത്തെരുവിലെ നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് തീരാറായി. വിചാരിച്ചതിലും കുറച്ച് അധികം സമയമെടുത്തു. എന്തായാലും നിർമാണപ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ തീരും. നവംബറിൽ ഉൽഘാടനം.
പുതുക്കിയ എസ് എം സ്ട്രീറ്റിലെ ക്രമീകരണങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെ പറ്റി പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കിട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ നിങ്ങളെല്ലാവരുമായി ചർച്ച ചെയ്യാമെന്ന് കരുതിയാണ് ഈ പോസ്റ്റ്.
നവീകരിച്ച എസ് എം സ്ട്രീറ്റിൽ വാഹന ഗതാഗതം വേണ്ട എന്ന് ഒരു നിർദ്ദേശം വന്നിട്ടുണ്ട്. മറിച്ച് പഴയ പടി വാഹന ഗതാഗതം അനുവദിക്കണം എന്ന അഭിപ്രായം പ്രധാനമായും ചില വ്യാപാരികളിൽ നിന്നും ഉണ്ടായിട്ടുണ്ട്. കടകളിലേക്ക് സാധനങ്ങൾ മാറ്റാനും മറ്റുമായി രാത്രി 11 മണി മുതൽ രാവിലെ 9 മണി വരെ ഗതാഗതം അനുവദിക്കാം എന്നൊരു നിർദ്ദേശവും ഉയർന്നു വന്നിട്ടുണ്ട്.
നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി എന്തെങ്കിലും ഒരു സംവിധാനം വേണം എന്ന നിർദ്ദേശം വന്നിട്ടുണ്ട്. വീൽചെയറുകൾ, ചെറിയ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോറിക്ഷ എന്നൊക്കെ അഭിപ്രായങ്ങൾ കേട്ടു.
തെരുവ് ഷോപ്പിംഗിനു വേണ്ടി മാത്രമാവാതെ ചെറിയ രീതിയിലുള്ള എന്തെങ്കിലുമൊക്കെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൂടി വേദിയാവുന്നത് പരിഗണിച്ചു കൂടെ എന്നൊരു നിർദ്ദേശവും കേട്ടു. ചെറിയ ചിത്രപ്രദർശനങ്ങൾ, തെരുവ് നാടകങ്ങൾ എന്നിങ്ങനെ.
ഈ കാര്യങ്ങളിൽ നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങൾ കേൾക്കാൻ താല്പര്യമുണ്ട്. അതനുസരിച്ച് സാദ്ധ്യമായതൊക്കെ ചെയ്യാം