10/11/2024
വീട്ടിലെ സ്റ്റീൽ പാത്രത്തിൽ ശ്രദ്ധിച്ചു നോക്കിക്കേ പേരെഴുതിയിട്ടുണ്ടോ എന്ന് ?.....
അടുക്കളയിൽ നിന്ന് അലൂമിനിയം, ചെമ്പ്, മൺപാത്രങ്ങളെ പുറത്താക്കി സ്റ്റീൽ പാത്രങ്ങൾ കയറിയിരുന്നിട്ട് കാലമെത്രയായി കാണും.
ഒരമ്പതു കൊല്ലം.
അന്നൊക്കെ സ്റ്റീൽ പാത്രങ്ങൾ സമ്മാനങ്ങളായി നൽകുക പതിവായിരുന്നു.
Presented by:- ......
എന്നെഴുതി നൽകുന്നയാളുടെ പേരു കൂടി ചേർക്കും.
സ്വന്തം വീട്ടിലേക്ക് വാങ്ങുമ്പോഴും അതിൽ പേരെഴുതിക്കുന്നത് ഒരാചാരമായിരുന്നു.
ഇപ്പോൾ പിറന്നാൾ കേക്കിൽ പേര് എഴുതുന്ന പോലെ..
മനോഹരമായി ഇംഗ്ലീഷ് കൂട്ടക്ഷരത്തിൽ പേരെഴുതുന്ന ഒരു സെയിൽസ്മാനോ മുതലാളിയോ അന്നൊക്കെ ഏതു കടയിലുമുണ്ടാകും.
പേരെഴുത്തിൽ കണ്ട ഒരു വിശേഷം പറയാനാണീ ആമുഖമെല്ലാം വിളമ്പിയത്...
ഒരു 25 കൊല്ലം മുൻപ് വരെ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ജയകൃഷ്ണ കേഫ് എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു. വീട്ടിക്കിഴി അപ്പേട്ടേൻ, കേശവേട്ടൻ , നാരാണേട്ടൻ എന്നിവരായിരുന്നു കാര്യകർത്താക്കൾ.
അപ്പേട്ടനാണ് ഹോട്ടലിൻ്റെ നടത്തിപ്പ്. പരന്ന വായന, ലോക പരിചയം..
സാഹിത്യവാസനയും രാഷ്ടീയ ജ്ഞാനവും ധാരാളം..... രസികൻ, നർമം നല്ലോണം.
ഗുരുവായൂരിൽ ആദ്യം തുറക്കുന്ന ഹോട്ടലുകളിൽ ഒന്ന്. ക്ഷേത്രത്തിൽ പുലർച്ചെ 3 ന് നിർമാല്യം തൊഴുതെത്തുന്നവർക്കായി 3.30 ന് ഹോട്ടൽ തുറക്കും. ചൂട് പുട്ട്, കടലക്കറി, ചായ തയാർ. .....
സ്റ്റീൽ പ്ലേറ്റിലാണ് പുട്ടും കടലയും. വട്ടത്തിലുളള 3, 4 കുഴികൾ ഉള്ള പണ്ട് ഹോട്ടലുകളിൽ കാണുന്ന സ്ഥിരം പ്ലേറ്റ്.
ഒരിക്കൽ പുട്ടും കടലയും കഴിക്കുന്നതിനടയിലാണ് പ്ലേറ്റിൽ എന്തോ എഴുതിയത് ശ്രദ്ധിച്ചത്.
വായിക്കാൻ ശ്രമിച്ചപ്പോൾ ആദിയും അന്തവും കണ്ടെത്താൻ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സഞ്ചരിക്കേണ്ടി വന്നു.
"ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ജയകൃഷ്ണ കേഫിൽ നിന്നു കട്ടത് "
എന്നായിരുന്നു ലിഖിതം. ഞാൻ വെള്ളം തന്ന സ്റ്റീൽ ഗ്ലാസിൽ പരതി.
അതിലുമുണ്ട് ഈ ശിരോ ലിഖിതം.
അക്കാലത്ത് കൂട്ടമായി ഹോട്ടലിൽ കയറുന്നവരിൽ ചിലർ സ്റ്റീൽ ഗ്ലാസ്, പ്ലേറ്റ് എന്നിവ അടിച്ചു മാറ്റുക പതിവായിരുന്നു.
അത്തരക്കാർക്ക് അപ്പേട്ടൻ വിധിച്ച ശിക്ഷയായിരുന്നു, ഈ എഴുത്ത്.
മോഷ്ടിച്ച പാത്രത്തിൽ പലഹാരം വിളമ്പി സൽക്കരിക്കുന്നതിനിടെ അതിഥി പ്ലേറ്റിലെ ലിഖിതം വായിക്കുന്ന രംഗം ഓർത്തപ്പോൾ
ആ ബുദ്ധിയെ നമിച്ചു പോയി..
✍️✍️✍️കടപ്പാട്.. Unni Krishnan