26/12/2012
രോഗങ്ങളെ പടിക്കു പുറത്ത് നിറുത്തണോ, എങ്കിൽ മനസും ശരീരവും ആരോഗ്യത്തോടെയിരിക്കേണ്ടത് അത്യാവശ്യം തന്നെ. ഭക്ഷണശീലങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എക്കാലവും മികച്ച ആരോഗ്യത്തോടെയിരിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പോലും പറയുന്നത്. ദിവസം മുഴുവൻ പ്രസരിപ്പോടെ ഇരിക്കാൻ ശരീരത്തിലെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കേണ്ടതുണ്ട്, പ്രത്യേകിച്ച് തലച്ചോറിലെ പ്രവർത്തനങ്ങൾ. ഇനി പറയുന്നവയിലേതെങ്കിലും നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബ്രെയിനിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും.
മത്സ്യം
നിങ്ങൾ ഒരു നോൺ വെജിറ്റേറിയനാണോ, പ്രത്യേകിച്ച് മത്സ്യം അധികം ഇഷ്ടപ്പെടുന്നവർ. എങ്കിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾ മുൻപന്തിയിലാണെന്ന് കൂട്ടിക്കോ. കോര, ചൂര പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങൾ പ്രോട്ടീൻ, കാൽസ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവകളാൽ സന്പന്നമാണ്. ഇവ തലച്ചോറിന്റെയും നാഡീഞരന്പുകളുടെയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഇവ ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് തലച്ചോറിന്റെ വികാസത്തിനും സഹായിക്കും.
മുട്ട
മത്സ്യം പോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സന്പന്നമാണ് മുട്ടയും. തലച്ചോറിലെ സെല്ലുകളുടെ പ്രവർത്തനത്തെ സുഗമമാക്കാൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കും. കൂടിയളവിൽ പ്രോട്ടീൻ, മിതമായ കൊഴുപ്പ്, വിറ്റാമിൻ ഇ എന്നിവയും മുട്ടയിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവര്‍ മുട്ട കൂടുതല്‍ കഴിക്കുന്നത് സൂക്ഷിക്കണം.
സാലഡ്
പച്ചനിറത്തിലുള്ള ഇലക്കറികളും പച്ചക്കറികളുമാണ് ബ്രെയിനിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്ന മറ്റൊരു ഭക്ഷണപദാത്ഥം. വിവിധ തരം ചീരകൾ, ലെറ്റ്യൂസ്, കാരറ്റ്, ബ്രൊക്കോളി, കാബേജ് തുടങ്ങിയവയൊക്കെ ഉത്തമമാണ്. ഇരുന്പിന് പുറമെ ബ്രെയിനിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളായ വിറ്റാമിൻ സിയും ഇയും ഇവയിൽ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികളെ സാലഡ് രൂപത്തിൽ മാത്രമല്ല സൂപ്പാക്കിയും കഴിക്കാവുന്നതാണ്.
ബദാം
പഠിച്ചതൊക്കെയും മറക്കാതിരിക്കണോ, ബദാം ശീലമാക്കിയാൽ മതി. ഓമ്മശക്തിയ്ക്ക് അത്യുത്തമം ആണ് ബദാം. ആന്റി ഓക്സിഡന്റുകളാലും ഒമേഗാ 3 ഫാറ്റി ആസിഡുകളാലും സന്പന്നമാണ് ബദാമും. ദിവസവും ബദാം ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ബ്രെയിനിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.
ധാന്യങ്ങള്‍
ഗോതമ്പ് , ബാർലി തുടങ്ങിയ ധാന്യങ്ങളും ആരോഗ്യത്തിനെന്ന പോലെ ബ്രെയിനിന്റെ പ്രവർത്തനങ്ങൾക്കും ഉത്തമമാണ്. ദിവസവും ഇവയിലേതെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ശരീരത്തിൽ ഗ്ളുക്കോസിന്റെ അളവ് ക്രമീകരിക്കാൻ സാധിക്കും. ബ്രെയിനിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഗ്ളുക്കോസ് അത്യാവശ്യമാണ്. എക്‌സ്പെർട്ടുകൾ പറയുന്നത് ബ്രെയിനിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് ദിവസം 100 ഗ്രാം കാർബോ ഹെഡ്രേറ്റ് ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കണമെന്നാണ്.
തൈര്
സ്ട്രെസ് കുറയ്ക്കാനും ഓർമ്മ ശക്തി വർധിപ്പിക്കാനും തൈരിലടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ സഹായിക്കും. തൈരിൽ പഴങ്ങളോ, പച്ചക്കറികളോ ചേർത്ത് കഴിക്കാവുന്നതാണ്.
ബ്ളൂബെറി
ബ്രെയിനിന്റെ പ്രവർത്തനങ്ങൾക്കായുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് ആന്റി ഓക്സിഡന്റുകളാൽ സന്പന്നമായ ബ്ലൂബെറി. പ്രായമാകുന്നതോടെ ഉണ്ടാകുന്ന ഓർമ്മക്കുറവിനെ പ്രതിരോധിക്കാൻ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കും. ഈ രംഗത്ത് നടത്തിയ പഠനങ്ങൾ പറയുന്നത് ഓർമ്മശക്തി വർധിപ്പിക്കാനുള്ള നല്ല മാർഗങ്ങളിലൊന്നാണ് ഭക്ഷണശീലത്തിൽ ബ്ലുബെറി കൂടി ഉൾപ്പെടുത്തുക എന്നത്.